India National

136ാം കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ ഭാഗമാവാതെ സോണിയയും രാഹുലും; വിമര്‍ശിച്ച് ബി.ജെ.പി

എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമില്ലാതെ 136ാം സ്ഥാപകദിനം ആഘോഷിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ ആസ്ഥാനത്തായിരുന്നു ആഘോഷം. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ സുപ്രധാന അവസരങ്ങളിലൊന്നില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിമര്‍ശിച്ചു.

ആരോഗ്യപ്രശ്‌നങ്ങളാല്‍ സോണിയ ഗാന്ധി പരിപാടിയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിലായിരുന്നു. അതേസമയം, തിരംഗയാത്രയും അതുപോലുള്ള മറ്റ് നൂതന കാമ്പയിനുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസിന്റെ മുദ്രാവാക്യമായ സത്യവും സമത്വവും മുന്‍നിര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്തു. രാഷ്ട്രത്തിന്റെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കാന്‍ തയ്യാറായിക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭത്തെ രാഷ്ട്രീയ ഗൂഡാലോചനയായി ചിത്രീകരിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പ്രയങ്ക ഗാന്ധി പറഞ്ഞു.

രാഹുലിന്റെയും സോണിയയുടെയും അഭാവത്തെ വിമര്‍ശിച്ച ബി.ജെ.പിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എതിര്‍ത്തു.

‘ബി.ജെ.പി താഴ്ന്ന തലത്തിലുള്ള രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയും രാഹുല്‍ ഗാന്ധിയെ ആക്രമിക്കുകയും ചെയ്യുന്നു. അവര്‍ ഒരു നേതാവിനെ മാത്രം ലക്ഷ്യമിടുന്നു. രാഹുല്‍ ഗാന്ധി മുത്തശ്ശിയെ കാണാന്‍ വിദേശത്ത് പോയതാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് തെറ്റാണോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.