നിര്‍ധനരായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റിന്റെ ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി. ഇതിന് വരുന്ന ചിലവ് വഹിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ അറിയിച്ചു.
അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ നിന്നും ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കാനുള്ള റെയില്‍വേ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് സോണിയ വിമര്‍ശിച്ചത്. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പോലും കേന്ദ്രം തൊഴിലാളികളില്‍ നിന്നും നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ സൗജന്യ യാത്രയൊരുക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തേയും കേന്ദ്രവും റെയില്‍വേയും അവഗണിച്ചെന്നും സോണിയ വ്യക്തമാക്കി.
വിഭജനത്തിന് ശേഷം ഇന്ത്യ ഇത്രമേല്‍ വലിയ ദുരന്തം നേരിടുന്നത് ആദ്യമാണ്. പല തൊഴിലാളികള്‍ക്കും നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് നാടുകളിലേക്ക് മടങ്ങേണ്ട ദുരവസ്ഥയുണ്ടായി. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് മാത്രം 100 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചത്. പി.എം കെയര്‍ ഫണ്ടിലേക്ക് 151 കോടി രൂപ നല്‍കിയ റെയില്‍വേയും തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയൊരുക്കിയില്ലെന്ന് സോണിയ വിമര്‍ശിച്ചു.
അതേസമയം തൊഴിലാളികള്‍ക്ക് സൗജന്യം അനുവദിക്കാത്തതിന് വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തിയിട്ടുണ്ട്. യാത്ര സൗജന്യമാക്കിയാല്‍ എല്ലാവരും നാടുകളിലേക്ക് മടങ്ങുമെന്നും അത്യാവശ്യക്കാര്‍ക്ക് മാത്രം മടങ്ങാനാണ് നിരക്ക് ഈടാക്കുന്നതെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.