ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി. പെണ്‍കുട്ടി മരിച്ചതല്ലെന്നും അനുകമ്പയില്ലാത്ത സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ പറഞ്ഞു. വിഷയം മൂടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു.
അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ല. ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാരിന്‍റെ അനാസ്ഥയും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് അവളെ കൊല്ലുകയായിരുന്നു. നിര്‍ബന്ധിത സംസ്കാരത്തിലൂടെ മരണ ശേഷവും സര്‍ക്കാര്‍ അവള്‍ക്ക് നീതി നല്‍കിയില്ല. അനാഥയെ പോലെ സംസ്‌കരിക്കപ്പെട്ടതിലൂടെ അവള്‍ മരണശേഷവും അവഹേളിക്കപ്പെട്ടെന്ന് സോണിയ പറഞ്ഞു.
“ജീവിച്ചിരുന്നപ്പോള്‍ അവള്‍ക്ക് പറയാനുള്ളത് കേട്ടില്ല. അവളെ സംരക്ഷിച്ചില്ല. മരിച്ചതിന് ശേഷം അവള്‍ക്ക് അവളുടെ വീട് നിഷേധിച്ചു. അവളെ കുടുംബത്തിന് കൈമാറിയില്ല. മകളെ നഷ്ടമായ ആ അമ്മക്ക് മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ല. ഇതൊരു വലിയ പാതകമാണ്”- സോണിയ വിമര്‍ശിച്ചു.
യോഗി സര്‍ക്കാരിന് കീഴില്‍ ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില താറുമാറായി. എന്തുതരം നീതിയാണിത്? എന്തുചെയ്താലും രാജ്യം വെറുതെ നോക്കിയിരിക്കുമെന്നാണോ? ഇല്ല, രാജ്യം നിങ്ങളുടെ അനീതിക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും സോണിയ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ക്രിമിനലുകള്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മികമായി ഒരു അവകാശവുമില്ലെന്നും പ്രിയങ്ക വിമര്‍ശിച്ചു.