ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധി. മഹാത്മാഗാന്ധിയുടെ വാചകങ്ങൾ ഉദ്ധരിക്കാൻ എളുപ്പമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ വഴി പിന്തുടരുക എളുപ്പമല്ലെന്നും രാജ്ഘട്ടിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോന ചെയ്തുകൊണ്ട് സോണിയ പറഞ്ഞു.
‘ഗാന്ധിജിയെ പേര് എടുക്കുക എന്നത് എളുപ്പമാണ്. എന്നാൽ അദ്ദേഹത്തിന്റെ വഴി പിന്തുടരുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ ശ്രമിക്കുകയും ഇന്ത്യയെ വഴിതെറ്റിക്കുകയും ചെയ്യുന്നവർ വിജയിക്കില്ല.’ – യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ ‘ഇന്ത്യയുടെ പിതാവ്’ എന്നു വിശേഷിപ്പിച്ചതും മോദി അത് തിരുത്താതിരുന്നതും വ്യംഗമായി സൂചിപ്പിച്ചുകൊണ്ട് സോണിയ പറഞ്ഞു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അഹ്മദ് പട്ടേൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസ്മൃതി മണ്ഡപത്തിലെത്തി ഉപചാരങ്ങളർപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിസന്ദേശ യാത്രയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു .