ദീപാവലി അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു. രാത്രി വൈകി വീട്ടിൽ എത്തിയ സൈനികനെ വടി കൊണ്ട് ആക്രമിക്കുകയും വെടിവയ്ക്കുകയുമായിരുന്നു. പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. കൊലയാളികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.
അലിഗഡിലെ തപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാൻപൂർ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം. സൈനികനായ കുമാർ(24) മരുന്ന് വാങ്ങുന്നതിനായി പോയിരുന്നു. രാത്രി വൈകി തിരികെ വരുന്നതിനിടെ ചിലർ വാഹനം തടഞ്ഞു. വടി കൊണ്ട് ചില്ലുകൾ തകർത്തു. പിന്നാലെ വാതിൽ തുറന്ന് കുമാറിനെ വലിച്ചു പുറത്തിട്ടു. തലയിൽ ശക്തമായി അടിച്ചു. പിസ്റ്റൾ കൊണ്ട് വെടിവച്ചു.
പ്രതി വിജയ്പാലിന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. രണ്ട് ദിവസം മുമ്പാണ് കുമാർ ലീവിന് വന്നതെന്ന് ഭാര്യ പറഞ്ഞു. 3 പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അതേ സമയം പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അലിഗഡ് എസ്എസ്പി കലാനിധി നൈതാനി അറിയിച്ചു.