India National

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് കൂച്ചുവിലങ്ങിട്ട് ഗുവാഹത്തി ഐ.ഐ.ടി

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് കൂച്ചുവിലങ്ങിട്ട് ഗുവാഹത്തി ഐ.ഐ.ടി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതി കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നീക്കം അഭിപ്രായ സ്വാതന്ത്ര്യ മടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

ഗുവാഹത്തി ഐ.ഐ.ടി ഡയറക്ടറുടെ അംഗീകാരത്തോടെ രജിസ്ട്രോളാണ് ആഗസ്റ്റ് 28ന് നോട്ടീസ് ഇറക്കിയത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവക്കാരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതി വിവരങ്ങളും സമിതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളും അടങ്ങുന്നതാണ് നോട്ടീസ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും അടക്കം 8000 പേരാണ് സ്ഥാപനത്തിലുള്ളത്. ഇവരുടെ പരിധി വിട്ട സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ സ്ഥാപത്തിന്റെ ആഗോള പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്ന് നോട്ടീസ് വ്യക്തമാക്കുന്നു. ചെയര്‍മാനും സെക്രട്ടറിയും മറ്റ് 3 അംഗങ്ങളുമാണ് സമിതിയിലുള്ളത്.

സ്ഥാപനത്തിന്റെ പേര്, ലോഗോ, മുദ്രാവാക്യം എന്നിവ പരാമര്‍ശിച്ച് നടത്തുന്ന ആശയവിനിമയത്തിന് മാര്‍ഗനിര്‍ദേശം ബാധകമാണ് നോട്ടീസില്‍ പറയുന്നു. സ്ഥാപനം സംബന്ധിച്ച് വരുന്ന പോസ്റ്റുകള്‍, ട്വീറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവക്ക് ലഭിച്ച ലൈക്കും ഡിസ് ലൈക്കും അടക്കം സമിതി പരിശോധിക്കും. നീക്കം മൌലിക അവകാശങ്ങളുടെ ലംഘനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സ്ഥാപനത്തിനെതിരെ അഴിമതി അടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. സ്ഥാപനത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ആഭ്യന്തര പ്രശ്നപരിഹാര വേദി ശക്തമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.