India National

ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 60 ശതമാനം പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആറ് മണി വരെ 60 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുപിയില്‍ 50 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 59 ലോകസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബംഗാളില്‍ വോട്ടിങ് ശതമാനം മികച്ച് നിന്നതിനോടൊപ്പം വ്യാപക അക്രമവും സംസ്ഥാനത്ത് നടന്നു. എട്ട് മണ്ഡലങ്ങളിലായിരുന്നു പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ഗോപബല്ലാബ്പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍ മെഡീനിപൂരില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഗട്ടാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഭാരതി ഗോഷിന്‍റെ അകടമ്പടി വാഹനത്തിന് നേരെ ആക്രമണം നടന്നു. ലോക്സഭാ മണ്ഡ‍ലത്തില്‍ നിന്ന് പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടും അക്രമങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടും ബംഗാളില്‍ ബി.ജെ.പി തെര‍ഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി – ബി.ജെ.പി – കോണ്‍ഗ്രസ് ത്രികോണ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ സഖ്യമില്ലാത്തതിനാല്‍ 2014ല്‍ മുഴുവന്‍ സീറ്റ് നേടിയ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍‍ഥിക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസും എ.എ.പിയും ഒരുപോലെ പ്രതീക്ഷിക്കുന്നു.

ഉത്തര്‍പ്രദേശിലെ 14 സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്നതില്‍ മനേക ഗാന്ധി മത്സരിക്കുന്ന സുല്‍ത്താന്‍പൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. യു.പിയില്‍ വിവിധ ഇടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടപ്പോള്‍ വിമര്‍ശനവുമായി അഖിലേഷ് യാദവ് രംഗത്ത് വന്നു. ത്രിപുരയിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളിലും ഈ ഘട്ടത്തില്‍ റീപോളിങ് നടന്നു.