രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ ആറായിരത്തിലധികം പുതിയ കേസുകളും 154 മരണവും
രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗബാധിക്കുന്നവരുടെ എണ്ണം 7000ന് അടുത്തെത്തി. തുടർച്ചയായി അഞ്ചാം ദിവസവും 6000ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. രോഗപരിശോധന കൂടിയതാണ് രോഗവർധന നിരക്ക് കൂടുതൽ രേഖപ്പെടുത്താൻ കാരണമെന്ന് ഐസിഎംആര്‍ അറിയിച്ചു
6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ആകെ കോവിഡ് ബാധിതർ 1,38,845 ഉം മരണം 4021 ഉം കടന്നു. 57720 പേർക്ക് രോഗം മാറി. രോഗമുക്തി നിരക്ക് 42% വും മരണനിരക്ക് 3% വും ആണ്. ദിനംപ്രതി 1,00,200 സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതിൽ 5 % പോസിറ്റീവാണ്. ഇതുവരെ 30 ലക്ഷം പരിശോധന നടത്തി. ഇതാണ് രോഗബാധിതരുടെ എണ്ണത്തിലെ വർധനക്ക് കാരണമെന്ന് ഐസിഎംആര്‍ പറയുന്നു. വരുന്ന ആഴ്ചകളിലും ആരോഗ്യമന്ത്രാലയം വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.
ഡൽഹിയിൽ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. തലസ്ഥാനത്ത് 3 പുതിയ പ്രദേശങ്ങൾ കൂടി ചേർത്തതോടെ മൊത്തം നിയന്ത്രിത മേഖലകൾ 90 ആയി. ഇതിനിടെ, ഡൽഹി-ഗാസിയബാദ് അതിർത്തി അടച്ചു. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 14,063 രോഗബാധിതരും 344 മരണവും റിപ്പോർട്ട് ചെയ്തു. 72 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാനിൽ രോഗബാധിതർ 7000 കടന്നു. മരണം 163. ഇന്ന് മാത്രം 145 കോവിഡ് കേസ് കണ്ടെത്തി. പശ്ചിമ ബംഗാളിൽ രോഗബാധിതർ 4000ത്തോടടുത്തു, മരണം 200 കവിഞ്ഞു. മധ്യപ്രദേശിൽ രോഗബാധിതർ ഏഴായിരത്തിനടുത്തെത്തി. മരണസംഖ്യ 300. ബീഹാറിൽ 163 പുതിയ കേസുകളും അസമിൽ 13ഉം റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് ബാധിച്ച് 60 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലടക്കം രാജ്യത്തെ 11 മുൻസിപ്പൽ പ്രദേശങ്ങൾ രോഗബാധകേന്ദ്രങ്ങളായി മാറി. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ 60 പേര്‍ മരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടച്ചുപൂട്ടൽ അടുത്ത മാസവും തുടർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.
മുംബൈയിൽ കോവിഡ് മരണം 1026 ആയി. ഇന്നലെ മാത്രം മരിച്ചത് 38 പേർ. നഗരത്തിൽ 1430 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. ആകെ 31,972 കേസുകൾ. സംസ്ഥാനത്ത് 2436 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 52,667 ആയി ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ മരിച്ചത് 60 പേർ. ആകെ മരണസംഖ്യ – 1695. 3041 പുതിയ കേസുകളും. 15,786 പേർക്ക് രോഗം മാറിയിട്ടുണ്ട്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ സ്ഥിരീകരണ കണക്കാണിത്.
രോഗികളിൽ പകുതിയിലധികവും മുംബൈയിലാണ്. ധാരാവിയിൽ 42പുതിയ കേസും 2 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 1541 ആയി. പുനെയിൽ പുതിയ 459 കേസുകളും 8 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 6153 ഉം മരണം 280 ഉം ആയി.
മുൻ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിലാക്കി .നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇടയിലും രോഗബാധ തുടരുകയാണ്.
മഴക്കാലം കൂടി എത്തുന്നതോടെ സാഹചര്യം കൂടുതൽ ഗുരുതരമാകുമെന്ന് ആശങ്കയുണ്ട്. അതേസമയം, കോവിഡ് രോഗാവസ്ഥ രാഷ്ട്രീയ രംഗത്തും ചർച്ചയാവുകയാണ്. ശിവസേന സർക്കാരിനെതിരെ ബിജെപി നിലപാട് ശക്തമാക്കി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുൻ ബിജെപി നേതാവ് നാരായൺ റാണെ ഗവർണറെ സന്ദർശിച്ചു.
ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ഇന്നലെ 12 പേര്‍ മരിച്ചു. ഏഴ് പേര്‍ തമിഴ്നാട്ടിലും മൂന്നു പേര്‍ തെലങ്കാനയിലും കര്‍ണാടകയില്‍ രണ്ടു പേരുമാണ് മരിച്ചത്. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 274 ആയി. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം 24,096 ആണ്. തമിഴ്നാട്ടിലെ മരണസംഖ്യ 118 ആയി ഉയര്‍ന്നു. 805 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 17,082 ആയി. തെലങ്കാനയില്‍ ഇന്നലെ 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതര്‍ 1920 ആയി. 56 ആണ് മരണസംഖ്യ. കര്‍ണാടകയില്‍ 93 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. മരണസംഖ്യ 44 ആയി. രോഗബാധിതര്‍ 2182 ആണ്.
ആന്ധ്രാപ്രദേശില്‍ 106 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 2886 ആയി. 56 ആണ് സംസ്ഥാനത്തെ മരണസംഖ്യ. പുതുച്ചേരിയില്‍ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം 49 ആയി.