India National

രാജ്നാഥ് സിങ് ഇന്ന് ലഡാക്കില്‍; യെച്ചൂരി ഇന്ന് തരിഗാമിയെ സന്ദര്‍ശിക്കും

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മുകശ്മീരിലെത്തി സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കും. യൂസഫ് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കും.

സുപ്രിം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനുള്ള അവസരം സാധ്യമായത്. ആദ്യ തവണ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ച യെച്ചൂരിക്ക് അനുവാദം ലഭിച്ചിരുന്നില്ല. ശ്രീനഗറില്‍ വിമാനത്താവളത്തില്‍ വച്ച് യെച്ചൂരിയേയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയേയും പൊലീസ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തോടൊപ്പം ശ്രീനഗറിലെത്തിയപ്പോഴും തിരിച്ചയക്കപ്പെട്ടു. ഒരു തരത്തിലും രാഷ്ട്രീയപരമായ യാത്രയാകരുതെന്നാണ് അനുമതി നല്‍കി കൊണ്ട് യെച്ചൂരിയോട് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയില്‍ രാഷ്ട്രീയപരമായ പ്രവൃത്തിയായി മാറിയാല്‍ സര്‍ക്കാരിന് യെച്ചൂരിയെ തിരികെ അയക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. യെച്ചൂരിയുടേത് പൂര്‍ണ്ണമായും രാഷ്ട്രീയ ലക്ഷ്യമാണന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം തള്ളിക്കൊണ്ടാണ് സുപ്രിം കോടതി തരിഗാമിയെ കാണാനുള്ള യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ അനൂകൂല വിധി നല്‍കിയത്.

ഇന്ന് ലഡാക്കിലെത്തുന്ന പ്രതിരോധമന്ത്രി സുരക്ഷാ വിലയിരുത്തല്‍ നടത്തും. ഉന്നത സൈനിക- പ്രതിരോധ ഉദ്യോഗസ്ഥരുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ല‍ഡാക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഒക്ടോബര്‍ 12 മുതല്‍ 14 വരെ നടത്താനിരുന്ന നിക്ഷേപക സംഗമം മാറ്റിവെച്ചിട്ടുണ്ട്.