കർഷക സമരത്തെ അവഹേളിച്ച് ട്വിറ്ററിൽ മോശം പരാമർശങ്ങൾ നടത്തി വിവാദമൊഴിയാതെ കങ്കണ റണൗത്ത്. സമരത്തെ അവഹേളിച്ചുള്ള കങ്കണയുടെ ‘നൂറ് രൂപ’ ആരോപണത്തിൽ മാപ്പപേക്ഷ ആവശ്യപ്പെട്ട് സിഖ് സംഘടന രംഗത്ത് വന്നു.
കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ അവഹേളിച്ച് കങ്കണ പങ്കുവെച്ച ട്വീറ്റായിരുന്നു വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡൽഹി സി.എ.എ വിരദ്ധ സമര നായികയായ ബിൽകീസ് ബാനുവിനെ പൊലീസ് തടഞ്ഞതിന് പിറകെ, കർഷക സമരത്തിൽ പങ്കെടുത്തുള്ള മറ്റൊരു പ്രായം ചെന്ന സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്ത കങ്കണ, നൂറ് രൂപ കൊടുത്താൽ ഏത് സമരത്തിലും പോകുന്നവരാണ് ഇവർ എന്ന് പരിഹസിക്കുകയായിരുന്നു. പഞ്ചാബിൽ നിന്നുള്ള മഹിന്ദർ കൗറിന്റെ ചിത്രമായിരുന്നു കങ്കണ തെറ്റായി ഉപയോഗിച്ചത്.
ബോളിവുഡ് നടിയുടെ തരം താണ ട്വീറ്റിനെതിരെ സിനിമാ ലോകത്ത് നിന്ന് തന്നെ പ്രതിഷേധം ഉയർന്നു. അവഹേളന ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും തന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ട് കങ്കണ തുടർന്നും പല പ്രമുഖരുമായും ട്വിറ്ററിൽ കൊമ്പുകോർക്കുകയുണ്ടായി.
അതിനിടയിലാണ് സംഭവത്തിൽ നടി മാപ്പ് പറയണമെന്ന ആവശ്യവുമായി സിഖ് കൂട്ടായ്മയായ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) രംഗത്തെത്തിയത്. സംഭവത്തിൽ ഒരാഴ്ച്ചക്കകം നിരുപാധികം മാപ്പ് പറയണെമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷക സമരത്തെ ദേശവിരുദ്ധമായി ചിത്രീകരിക്കുകയായിരുന്നു നടിയെന്ന് ഡി.എസ്.ജി.എം.സി തലവന്‍ മാന്‍ജീന്ദര്‍ സിങ് പറഞ്ഞു.
ഡൽഹിയിലെ ശക്തമായ സിഖ് സംഘടനയാണ് ഡി.എസ്.ജി.എം.സി. കർഷകരുടെ ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്ന് സർക്കാരുമായുള്ള രണ്ട് ചർച്ചകളും പരാജയമായിരുന്നു. മൂന്നാം ഘട്ട ചർച്ച ഇന്ന് നടക്കും.