പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു രാജി പിന്‍വലിച്ചു. രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തന്റെ എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ദു പ്രതികരിച്ചു. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു. sidhu withdrew resignation
സെപ്തംബര്‍ 28നാണ് നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നല്‍കിയിയത്. എന്നാല്‍ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.
ഡല്‍ഹിയില്‍ തുടരുന്ന സിദ്ദു വ്യാഴാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലുമായും ഹരീഷ് റാവത്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദു ഉന്നയിച്ച 18 ആവശ്യങ്ങളില്‍, ചിലത് ഉടന്‍ പരിഹരിക്കാമെന്നും മറ്റുള്ളവ, സമയോചിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന ഉറപ്പ്.
വരാനിരിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സിദ്ദു നേതൃത്വം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം സിദ്ദു പ്രതികരിച്ചത്