പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുന്നതായി നവ്‌ജ്യോത് സിംഗ് സിദ്ദു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ലക്ഷ്യമാണ് പ്രധാനമെന്നും സിദ്ദു പ്രതികരിച്ചു.
നേരത്തെ ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പദവി പ്രശ്‌നമല്ലെന്ന് പ്രതികരിച്ച നവ്‌ജ്യോത് സിംഗ് സിദ്ദു, തന്റെ ഈഗോ കൊണ്ടല്ല രാജി നല്‍കിയതെന്നും പറഞ്ഞു.
മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ചന്നിയുടെ കീഴിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ അനുവദിച്ചതിന് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 28 ന് സിദ്ദു തന്റെ സ്ഥാനം രാജിവച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ഹരീഷ് റാവത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം രാജി പിന്‍വലിക്കുമെന്ന് വ്യക്തമായിരുന്നെങ്കിലും ഇപ്പോള്‍ സിദ്ദു തന്നെയാണ് വാര്‍ത്താസമ്മേളനത്തിലൂടെ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
പഞ്ചാബിന്റെ ക്ഷേമത്തിനും ഭാവിക്കും വേണ്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും രാജിവച്ചുകൊണ്ട് സിദ്ദു സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. നേരത്തെ രാജിക്കത്ത് നല്‍കിയെങ്കിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദു തുടരുമെന്ന് എഐസിസി ചുമതലയുള്ള ഹരീഷ് രാവത്തും വ്യക്തമാക്കിയിരുന്നു.