India

“മാഫിയാ പശ്ചാത്തലമുള്ളവരെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കരുത്”; ചന്നിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിദ്ദു

മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നിക്കെതിരെ പരോക്ഷ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു . പഞ്ചാബിൽ ദുർബലനായൊരു മുഖ്യമന്ത്രിയെയാണ് ഉന്നതർക്ക് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ മുഖ്യ എതിരാളിയായ ചന്നിക്കെതിരെ സിദ്ദുവിന്റെ വിമർശനം.

“വിശ്വസ്തരെയും ക്ലീൻ ട്രാക്ക് റെക്കോർഡ് ഉള്ളവരെയുമാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കേണ്ടത്. അഴിമതിക്കാരെയും മാഫിയാ പശ്ചാത്തലമുള്ളവരെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കരുത്. സ്വയം മാഫിയയായ ഒരാൾക്ക് എങ്ങനെയാണ് മറ്റു മാഫിയകളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനാവുക” -സിദ്ദു പറഞ്ഞു.

അനധികൃത മണൽക്കടത്ത് കേസിൽ ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ ഇന്ന് അറസ്റ്റിലായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭൂപീന്ദർ സിങ് ഹണിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതിനെത്തുടർന്നാണ് സിദ്ദുവിന്റെ പ്രതികരണം.

പാർട്ടിയുടെ തീരുമാനം എന്താണെങ്കിലും താൻ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും. ജനങ്ങളാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് എന്നും ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണെന്നും സിദ്ദു പറഞ്ഞു.