രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ സ്വകാര്യ വൈദ്യുത താപനിലയങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് നവ്‌ജ്യോതി സിംഗ് സിദ്ദു ആവശ്യപ്പെട്ടു. വൈദ്യുതി ഉല്‍പാദനത്തിനാവശ്യമായ കല്‍ക്കരി സംഭരിക്കാതെ ഉപഭോക്താക്കളെ ശിക്ഷിക്കുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി ഉത്പാദനം കുറയ്ക്കാനും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനും പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിനു പുറമേ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പവര്‍കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
കേന്ദ്രഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ട്. കല്‍ക്കരി വിതരണത്തില്‍ വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
രാജ്യത്താകെ 135 കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ആകെ വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.