India

‘ഒരിക്കലും നിലപാടെടുക്കാത്തവര്‍ പെട്ടെന്ന് ഒരേ പോലെ പാടുന്നതാണ് യഥാര്‍ത്ഥ പ്രൊപ്പഗാണ്ട’; സിദ്ധാര്‍ഥ്

ജീവിതത്തില്‍ ഹീറോസെന്ന് കരുതുന്നവരെ വിവേകത്തോടെ തെരഞ്ഞെടുക്കാനും സിദ്ധാര്‍ഥ് ട്വീറ്റില്‍ പറയുന്നു.

നേരത്തെയും ചലച്ചിത്ര നടന്‍ സിദ്ധാര്‍ത്ഥ് ബി.ജെ.പി, സംഘപരിവാരിനെതിരെ കടുത്ത നിലപാടുമായി രംഗത്തുവന്നിരുന്നു. ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്‌സെക്കെതിരെയാണ് അവസാനമായി സിദ്ധാര്‍ത്ഥ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷക സമരത്തിനും സിദ്ധാര്‍ഥ് പിന്തുണ അറിയിച്ചിരുന്നു.

പോപ് താരം രിഹാനയും കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ രംഗത്തുവരികയായിരുന്നു. കായിക രംഗത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ആര്‍.പി സിംഗ്, അനില്‍ കുംബ്ല, ഗൌതം ഗംഭീര്‍, പി.ടി ഉഷ, സിനിമാ രംഗത്ത് നിന്നും കങ്കണ റണാവത്ത്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.

അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.