സിയാച്ചിന്‍ മലനിരകളില്‍ ആദ്യമായി കാല് കുത്തിയ ഇന്ത്യന്‍ സൈനികരില്‍ ഒരാളായ കേണല്‍ നരേന്ദ്ര കുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 87 വയസായിരുന്നു.
പാകിസ്ഥാന്റെ ആക്രമണത്തില്‍ നിന്ന് സിയാച്ചിനെ സുരക്ഷിതമാക്കിയ, 1984ലെ ഓപ്പറേഷന്‍ മേഘദൂതില്‍ കേണല്‍ നരേന്ദ്ര കുമാര്‍ സുപ്രധാന പങ്കുവഹിച്ചു. അദ്ദേഹം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്.
1965ല്‍ കേണല്‍ കുമാറിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. പരമവിശിഷ്ടസേവാ മെഡല്‍ നല്‍കി കരസേന അദ്ദേഹത്തെ ബഹുമാനിച്ചു. കേണല്‍ കുമാറിനോടുള്ള ബഹുമാനാര്‍ത്ഥം സിയാച്ചിന്‍ ബറ്റാലിയന്‍ ആസ്ഥാനത്തെ ‘കുമാര്‍ ബേസ്’ എന്ന് നാമകരണം ചെയ്തു. സിയാച്ചിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.