പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ന് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്റിനോട് രണ്ടേ രണ്ടു കാര്യങ്ങള്‍ പറയാനാണ് മോദിയോട് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിക്കേണ്ടത് ചൈനീസ് പ്രസിഡന്റിനോടാണെന്നും കപില്‍ സിബല്‍ പറഞ്ഞുവെക്കുന്നുണ്ട്.
മോദി തന്റെ 56 ഇഞ്ച് നെഞ്ച് വിരിച്ച്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് രണ്ടു കാര്യങ്ങള്‍ പറയണം, പാക് അധീന കശ്മീരിലെ 5000 കിലോമീറ്റര്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്നും 5ജിക്ക് വേണ്ടി ഇന്ത്യയില്‍ ഹുവായ് ഉണ്ടാകില്ലെന്നും. ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ഇന്ന് തമിഴ്നാട് മഹാബലിപുരത്ത് തുടക്കമാകാനിരിക്കെയാണ് കപില്‍ സിബല്‍ മോദിയെ വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സന്ദര്‍ഭത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ചൈനീസ് പ്രസിഡന്റ് പിന്തുണച്ചിരുന്നു. ആ ഒരു ഓര്‍മ്മ മോദിക്കുണ്ടാകുന്നത് നല്ലതാണെന്നും കപില്‍ സിബല്‍ സൂചിപ്പിക്കുന്നുണ്ട്. ഇതൊക്കെ മനസില്‍ വെച്ച് ഈ രണ്ടു കാര്യങ്ങള്‍ ചൈനീസ് പ്രസിഡന്റിനോട് മോദി പറയണമെന്നാണ് സിബല്‍ ആവശ്യപ്പെടുന്നത്. കശ്മീരിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് പറയുമ്പോള്‍, ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഇന്ത്യയും കാണുന്നുണ്ടെന്ന് മോദി എന്തുകൊണ്ടാണ് പറയാത്തതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ തലയിടുന്നതില്‍ നിന്ന് ചൈനയെ തടയുന്നതിൽ മോദി സർക്കാര്‍ പരാജയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.