മുംബൈ: മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ശിവസേന. പാർട്ടി മുഖപത്രം ‘സാമ്‌ന’യിലെ എഡിറ്റോറിയലിലാണ് ആവശ്യം. പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌ന എഡിറ്റോറിയൽ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമർശിക്കുന്നുണ്ട്.
മുസ്ലിം കുട്ടികൾക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളിൽ ലൗഡ് സ്പീക്കർ നിരോധിക്കണമെന്ന ആവശ്യം സാമ്‌ന ഉയർത്തുന്നത്. ഒരു ഉർദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്ന നിർദേശം മുംബൈ സൗത്ത് വിഭാഗ് പ്രമുഖ് ആയ സക്പാൽ മുന്നോട്ടുവെച്ചത്. ഹിന്ദുമതസ്ഥർക്ക് ആരതി എന്നതു പോലെയാണ് മുസ്ലിംകൾക്ക് ബാങ്കെന്നും മുസ്ലിം പള്ളിക്കു സമീപം താമസിക്കുന്ന താൻ സ്ഥിരമായി ബാങ്ക് കേൾക്കാറുണ്ടെന്നും സക്പാൽ പറഞ്ഞു.