മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെച്ചൊല്ലി ശിവസേനയും ബി.ജെ.പിയും തമ്മില്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. നവംബര്‍ ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുങ്കതിവാര് പറഞ്ഞിരുന്നു. അതിനെതിരെ ശിവസേന രംഗത്ത് വന്നിരിക്കുകയാണ്. മുങ്കതിവാറിന്റെ പ്രസ്ഥാവന ജനാതിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു.
നിയമവും ഭരണഘടനയും എന്താണെന്നും മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിക്ക് കാരണക്കാര്‍ ആരാണെന്നും എല്ലാവര്ക്കും അറിയാമെന്നും ശിവസേന പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് തടസം നില്‍ക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പി നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് പറയുന്നവര്‍ സര്‍ക്കാര്‍ രൂപീകരിക്കാത്തത് എന്തുകൊണ്ടാണ്. ഒറ്റക്ക് ഭൂരിപക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ എട്ടിന് അവസാനിക്കും.