India National

രാഹുല്‍ കഠിനാധ്വാനി, പക്ഷെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് ശിവസേന

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്തുവെന്നും പാർലമെന്റിൽ ശക്തമായ പ്രതിപക്ഷമാണെന്ന് തെളിയിച്ചുവെന്നും ശിവസേന. പൊതുതെരഞ്ഞെടുപ്പില്‍ മോദി തന്നെ അധികാരത്തില്‍ വരുമെന്നും മുഖപത്രമായ ‘സാമന’യില്‍ ശിവസേന പറഞ്ഞു.

ജനങ്ങളുടെയും മഹാരാഷ്ട്രയുടെയും ട്രെന്ററിയാന്‍ എക്സിറ്റ് പോളിന് പിറകെ പോകേണ്ടതില്ല. 2019ല്‍ നരേന്ദ്ര മോഡി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിക്കാന്‍ ഒരു പുരോഹിതന്റെയും ആവശ്യമില്ലെന്നും ശിവസേന പറഞ്ഞു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്തു. പാർലമെന്റിൽ ശക്തമായ പ്രതിപക്ഷം ആയിരിക്കും അവരെന്ന് തെളിയിച്ചിരിക്കുന്നു. 2014 ലോക്സഭയിൽ മുഖ്യ പ്രതിപക്ഷമാകാന്‍ ആവശ്യമായ എം.പിമാരെ കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്രാവശ്യം പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് തന്നെയായിരിക്കുമെന്നും, അത് രാഹുലിന്‍റെ വിജയമാണെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ അധികവും, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ തുടരുമെന്ന് പ്രവചിച്ചിരുന്നു. ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ആരംഭിച്ച് മേയ് 19നാണ് അവസാനിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം മേയ് 23ന് പ്രഖ്യാപിക്കുന്നതാണ്.