India

വ്യോമസേനയുടെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ ഇന്ത്യയുടെ ആദ്യ വനിതാ റഫാൽ പൈലറ്റും

റിപ്പബ്ലിക് ദിന പരേഡിൽ മാർച്ചിം​ഗിനായി വ്യോമസേനയുടെ ഊഴമെത്തി. ആദ്യം വാറണ്ട് ഓഫിസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ എയർ ഫോഴ്സ് ബാൻഡിന്റെ ശക്തിയുക്തമായ മാർച്ച്..തൊട്ടുപിന്നാലെ സല്യൂട്ടിം​ഗ് ബേസിലേക്കെത്തിയത് പ്രശാന്ത് സ്വാമിനാഥൻ നയിക്കുന്ന സ്ക്വാഡ്രൺ. അടുത്തത് വ്യോമസേനയുടെ ടാബ്ലോ ആയിരുന്നു. കണ്ണുകൾ മുഴുവൻ ഉടക്കിയത് ഒരു വ്യക്തിയിലാണ്. അണുവിട ചലിക്കാതെ കരിങ്കല്ല് പോൽ ഉറച്ച് നിൽക്കുന്ന ലെഫ്റ്റ്നന്റ് ശിവാം​ഗി സിം​ഗിൽ. സ്ത്രീ അബലയാണെന്ന പൊതുബോധത്തിന് മീതെ ചവിട്ടിനിന്ന് തലയുയർത്തി തന്നെ ശിവാം​ഗി നിന്നു. ( shivangi singh indias first woman rafale pilot )

ലോകത്തെ ഏറ്റവും വലിയ സേനകളിലൊന്നായ ഇന്ത്യൻ സേനയിൽ സ്ത്രീകൾക്കും അവസരമുണ്ടായിരുന്നുവെങ്കിലും അവിടെ തുല്യത കൈ വന്നിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. കൃത്യമായി പറഞ്ഞാൽ ആറ് വർഷവും മൂന്ന് മാസവും. ഒക്ടോബർ 24നാണ് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകൾ പറത്താൻ സ്ത്രീകൾക്കും അവസരം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. മുൻപ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും, ഹെലികോപ്റ്ററുകളും മാത്രം പറത്താനേ അനുമതിയുണ്ടായിരുന്നുള്ളു.

2017 ൽ അവനി ചതുർവേദി, മോഹന സിം​ഗ്, ഭാവന കാന്ത് എന്നിവർ ഇന്ത്യയുടെ ആദ്യ വിനതാ ഫൈറ്റർ പൈലറ്റുമാരായി. രണ്ടാം ബാച്ചിൽ ഇടംനേടിയ വനിതയാണ് ശിവാം​ഗി സിം​ഗ്.

ഉത്തർ പ്രദേശിലെ വാരണാസി സ്വദേശിനിയായ ശിവാം​ഗി ഇന്ത്യൻ വ്യോമസേനയിലെത്തുന്നത് 2017 ലാണ്. ആദ്യം മി​ഗ് -21 ബൈസൺ എയർക്രാഫ്റ്റായിരുന്നു ശിവാം​ഗി പറത്തിയിരുന്നത്. 2020 ലാണ് ഇന്ത്യയുടെ റഫാൽ ഫൈറ്റർ ജെറ്റ് പറത്തുന്ന ആദ്യ സ്ത്രീയെന്ന പദവി ശിവാം​ഗിക്ക് ലഭിച്ചത്. കടുത്ത പരീക്ഷകൾക്കൊടുവിലാണ് ശിവാം​ഗിയെ റഫാൽ പൈലറ്റായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷത്തെ വ്യോമസേനയുടെ ടാബ്ലോയിൽ ഇന്ത്യയിലെ ആദ്യ വനിതാ ഫൈറ്റർ ജെറ്റ് പൈലറ്റായ ഭാവനാ കാന്തും ഉണ്ടായിരുന്നു. ഈ വർഷം ലെഫ്റ്റ്നെന്റ് ശിവാം​ഗി സിം​ഗും.

ഇന്ത്യൻ എയർഫോഴ്സ് ട്രാൻസ്ഫോർമിം​ഗ് ഫോർ ദ ഫ്യൂച്ചർ എന്നതായിരുന്നു ടാബ്ലോയുടെ തീം. മി​ഗ് 21, ​ഗ്നാറ്റ്, ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്റർ, അസ്ലേഷ റഡാർ, റഫാൽ വിമാനം എന്നിവയായിരുന്നു ടാബ്ലോയിൽ ഉൾപ്പെടുത്തിയിരുന്ന മോഡലുകൾ.