India

വഴങ്ങാതെ ശിവസേന; ആവശ്യത്തിൽനിന്ന് പിറകോട്ടില്ല, ഗവർണറെ കാണും

മഹാരാഷ്ട്രയിൽ എൻ.ഡി.എ മുന്നണിയിലെ തർക്കം സമവായമാകാതെ തുടരുന്നതിനിടെ, ഇന്നു വൈകീട്ട് ഗവർണർ ഭഗത് സിംഗ് കൊഷ്യാരിയെ കാണാൻ ശിവസേന ഒരുങ്ങുന്നു. ഇന്നു ചേർന്ന എം.എൽ.എമാരുടെ യോഗത്തിനു ശേഷമാണ് വൈകീട്ട് ഗവർണറെ കാണുമെന്ന് മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. കനത്ത മഴകാരണം വിളനഷ്ടമുണ്ടായ കർഷകരുടെ വിഷയം ഉന്നയിക്കാനാണ് ഗവർണറെ കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ബി.ജെ.പിക്കൊപ്പം സർക്കാർ രൂപീകരിക്കണമെങ്കിൽ 50-50 അധികാര പങ്കാളിത്തം അംഗീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന് സഞ്ജയ് റാവത്ത് രാവിലെ പറഞ്ഞിരുന്നു. മുംബൈയിൽ ശിവസേന എം.എൽ.എമാരുടെ യോഗത്തിനു മുമ്പായി മാധ്യമങ്ങളുമായി സംസാരിക്കവെയാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏക്‌നാഥ് ഷിൻഡെയെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു.

‘ഞങ്ങൾ ആവശ്യത്തിൽനിന്ന് പിന്മാറില്ല. വാഗ്ദാനത്തിൽ നിന്ന് പിന്മാറിയത് ഞങ്ങളുടെ സഖ്യകക്ഷിയാണ്. ഞങ്ങൾ ആവശ്യവുമായി മുന്നോട്ടുതന്നെ പോവും.’ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള റാവത്തിന്റെ പ്രതികരണം. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ ഇന്നത്തെ എഡിറ്റോറിയലും മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്നു സൂചിപ്പിക്കുന്നതായിരുന്നു.

‘ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുമ്പോൾ പറഞ്ഞിരുന്ന കാര്യങ്ങൾ പാലിക്കപ്പെടണം. ആ പത്രസമ്മേളനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞത് എല്ലാ സർക്കാർ പദവികളും തുല്യമായി വിഹിതംവെക്കുമെന്നാണ്. മുഖ്യമന്ത്രിപദം അതിന്റെ കീഴിൽ വരുന്നില്ലെങ്കിൽ പൊളിറ്റിക്കൽ സയൻസിന്റെ സിലബസ് മാറ്റിയെഴുതേണ്ടി വരും.’

സാമ്‌ന എഡിറ്റോറിയൽ.

‘2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം ശിവസേനയുമായുള്ള ബന്ധം ഉപപേക്ഷിച്ചു. ഇപ്പോൾ വീണ്ടും ഉപയോഗിച്ചു വലിച്ചെറിയുന്ന നയം നടപ്പിലാക്കാൻ നോക്കുകയാണ്. ഞങ്ങൾ അത്രയെളുപ്പം മരിക്കുകയില്ല. കാരണം ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ശിവസേനയും ബി.ജെ.പിയും തമ്മിൽ സഖ്യത്തിലെത്തുന്നതിനുള്ള സാധ്യത ദുർബലമായിരുന്നു. കരാറുറപ്പിക്കാനായി തീരുമാനിക്കപ്പട്ടതെല്ലാം നടപ്പാകണമെന്നതാണ് ശിവസേനയുടെ ആവശ്യം.’ – എഡിറ്റോറിയൽ പറയുന്നു.