വഴിയിൽ തടയുമെന്ന ഭീഷണി നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ. പ്രധാനമന്ത്രിക്കെതിരേ വൻ പ്രതിഷേധത്തിനാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്പോൾ വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളാണ് അവർ ആസൂത്രണം ചെയ്യുന്നത്. മോദിയെ കൊല്‍ക്കത്തയില്‍ കാല്കുത്താന് അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി മോദി എത്തുമ്പോള്‍ വിമാനത്താവളം വളയാനും, പ്രധാനമന്ത്രിയെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടക്കം സജ്ജമാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കണത്തിലെടുത്ത് അതീവ സുരക്ഷയാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
17 ഇടതു പാർട്ടികളുടെ സംയുക്ത ഫോറം, പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന വിവിധ ഗ്രൂപ്പുകൾ എന്നിവരാണ് മോദിയെ തടയാൻ ആഹ്വാനം നൽകിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തുന്നത്. ശനിയും ഞായറും കോൽക്കത്തിയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
പൗരത്വ നിയമഭേദഗതിക്കെതിരെ കനത്ത പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ നടന്നത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയിലെത്തുന്ന മോദിക്ക് ഗോ ബാക്ക് വിളിച്ച് രംഗത്തുവരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. അസമിലെ പ്രതിഷേധം കണക്കിലെടുത്ത് ഖേലോ ഇന്ത്യ പരിപാടി പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. ഇന്തോ-ജപ്പാന് ഉച്ചകോടിയും മാറ്റിവെച്ചിരുന്നു.