India National

രാഷ്ട്രീയത്തിലേക്കില്ല, അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് ഷെഹ്‍ല റാഷിദ്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി ആക്ടിവിസ്റ്റും മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവുമായ ഷെഹ്‍ല റാഷിദ്. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഷെഹ്‍ല റാഷിദ് അറിയിച്ചത്.

കശ്മീരിലെത്തുമ്പോള്‍ നിയമവും നീതിയും മറന്ന് പോവുകയാണ് സര്‍ക്കാരെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്‌മെന്റുകളും കണ്ടില്ലെന്ന് നടിക്കേണ്ടി വരുമെന്നും ഷെഹ്‍ല ഫേസ്ബുക്കില്‍ കുറിച്ചു.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫസല്‍ രൂപീകരിച്ച ജമ്മു കശ്മീര്‍ പീപിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഷെഹ്‍ല റാഷിദ്. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു. കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ട്വീറ്റ് ചെയ്തതിന് ഷെഹ്‍ല റാഷിദിന് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുകയാണ്.

ജനങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ച ശേഷം താഴ്‍വരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് സി.പി.എമ്മും ചൂണ്ടിക്കാട്ടി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ് കഴിഞ്ഞ 65 ദിവസമായി പ്രദേശം ഉപരോധത്തിന് കീഴിലാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കശ്മീരില്‍ വീട്ടുതങ്കലിലാണ്. മുഖ്യധാരയിലേക്ക് കടന്ന് വരാന്‍ സര്‍ക്കാര്‍ യുവ ജനങ്ങളോട് ആവശ്യപ്പെടുന്നു. എന്നാല്‍ എല്ലാ തരത്തിലും ജനങ്ങളെ അടക്കി നിര്‍ത്തുകയാണ് ഭരണകൂടമെന്നും ഷെഹ്‍ല റാഷിദ് കുറിച്ചു.