ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡല്‍ നേടിയാണ് ബാഡിമിന്റണ്‍ താരം പി.വി. സിന്ധു ചരിത്രം സൃഷ്ടിച്ചത്. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കിയിട്ടുണ്ട്.
പി വി സിന്ധുവിന് സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് അനായാസമായിത്തന്നെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.2016-ലെ റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു. സുശീല്‍ കുമാറിന് ശേഷം ഒളിമ്പിക്സിൽ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.