India National

‘’നട്ടുച്ചക്ക് വെയിലുകൊള്ളുന്നത് പേപ്പട്ടിയും സായിപ്പുമാണ് എന്നൊരു പ്രയോഗമുണ്ട്, ഇനി കേന്ദ്ര ആരോഗ്യസഹമന്ത്രിയും എന്ന് കൂടി ചേര്‍ക്കാം: പരിഹാസവുമായി തരൂര്‍

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഒറ്റക്കെട്ടാണ് രാജ്യം. അതിനിടെയാണ് അശാസ്ത്രീയമായ ഒരു ഉപദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൌബേ രംഗത്തെത്തിയത്.

ദിവസവും പതിനഞ്ച് മിനിറ്റ് വെയില്‍ കൊള്ളുന്നത്‌ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നായിരുന്നു അശ്വിനി ചൗബെയുടെ പ്രസ്താവന. വെറുതെ വെയിലേല്‍ക്കലല്ല, പകല്‍ 11നും രണ്ട് മണിയ്ക്കും ഇടയിലെ സൂര്യപ്രകാശമാണ് ഏല്‍ക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് വര്‍ധിക്കുകയും അത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അങ്ങനെ വൈറസിനെ തടയാമെന്നുമെന്നുമായിരുന്നു ചൗബെയുടെ ഉപദേശം. സൂര്യവെളിച്ചത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കൊവിഡ് 19 നെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.

എന്നാല്‍ അശ്വിനി ചൗബേക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു നാടന്‍പ്രയോഗത്തെ കൂട്ടുപിടിച്ചാണ് തരൂരിന്‍റെ പരിഹാസം. ”നട്ടുച്ചക്ക് വെയിലുകൊള്ളുന്നത് പേപ്പട്ടിയും സായിപ്പും മാത്രമാണെന്ന് ഞങ്ങളുടെ നാട്ടിലൊരു ചൊല്ലുണ്ട്.. ഇനിയത് പേപ്പട്ടിയും സായിപ്പും കേന്ദ്ര ആരോഗ്യസഹമന്ത്രിയും എന്ന് തിരുത്തിപറയേണ്ടിവരുമെന്നാ”യിരുന്നു തരൂരിന്‍റെ പരിഹാസം.

ആള്‍ക്കൂട്ടം ഒഴിവാക്കിയും വ്യക്തിശുചിത്വം പാലിച്ചും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ പുറത്തുവിടുന്നുണ്ട്. പ്രതിരോധനടപടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് അശ്വിനി ചൗബേ കൂടി അംഗമായ കേന്ദ്ര ആരോഗ്യമന്ത്രാലയം മൂന്ന് പേജുള്ള കുറിപ്പ് പുറത്തിറക്കിയിരുന്നു. ആ കുറിപ്പില്‍ വൈറ്റമിന്‍ ഡിയെ കുറിച്ചോ സൂര്യപ്രകാശത്തിനെ കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല. അശ്വിനി ചൗബേ പറഞ്ഞതുപോലുള്ള വിറ്റാമിന്‍ ഡിയോ സൂര്യവെളിച്ചം കൊള്ളുന്നതോ കൊവിഡ് 19 നെ പ്രതിരോധിക്കുമെന്നും പറഞ്ഞിട്ടില്ല.

മാത്രമല്ല അര്‍ബുദചികിത്സയ്ക്ക് ഗോമൂത്രം ഫലപ്രദമാണെന്ന് നേരത്തെ പറഞ്ഞയാളാണ് അശ്വിനി ചൗബെ.