സൻസദ് ടിവിയിലെ ടോക്ക് ഷോയിൽ ഇനി പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷനില്‍ പ്രതിഷേധിച്ചാണ് ശശി തരൂരിന്റെ നടപടി. സൻസദ് ടിവിയിലെ ‘ടു ദ പോയിന്റ്’ എന്ന ടോക്ക് ഷോയുടെ അവതാരക സ്ഥാനം ഒഴിയുകയാണെന്നാണ് ശശി തരൂർ ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചത്. “സൻസദ് ടിവിയിലെ പരിപാടിയിൽ അവതാരകനാവുകയെന്നത് പാർലമെന്ററി ജനാധിപത്യത്തിലെ വലിയൊരു കാര്യമാണെന്നാണ് താൻ വിചാരിച്ചത്. രാഷ്ട്രീയ വേർതിരിവ് ഇല്ലാതെയുളള അംഗങ്ങളുടെ പങ്കാളിത്തമായിരുന്നു സൻസദ് ടിവിയുടെ പ്രത്യേകതയെന്നാണ് തരൂർ പറഞ്ഞത്. നടപടി നേരിട്ട എംപിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സൻസദ് ടിവിയിൽ അവതാരകനായി തുടർന്നാൽ ഒരു പാർലമെന്റെറി സ്ഥാപനത്തിന്റെ ജനാധിപത്യവിരുദ്ധതയിൽ പങ്കാളിയാകേണ്ടി വരുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ശിവസേനാ എം പി പ്രിയങ്ക ചതുര്‍വേദിയും സന്‍സദ് ടിവി പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് വിശദമാക്കിയിരുന്നു. സന്‍സദ് ടിവിയിലെ മേരി കഹാനി എന്ന ഷോയിലെ അവതാരക ആയിരുന്നു ശിവസേനാ എംപി പ്രിയങ്ക ചതുര്‍വേദി. മേരി കഹാനി എന്ന പരിപാടിയുടെ അവതാരക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത് വളരെ വേദനയോടെയാണെന്നാണ് പ്രിയങ്ക ചതുർവേദി പറഞ്ഞത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലെ ആദ്യ ദിവസമായ നവംബർ 29നാണ് പ്രതിഷേധിച്ചതിന്റെ പേരിൽ പന്ത്രണ്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തത്. എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കമുളള 12 രാജ്യസഭാംഗങ്ങളെയാണ് സസ്‌പെൻഡ് ചെയ്തത്.സഭയുടെ അന്തസ് കെടുത്തുന്ന രീതിയിൽ അംഗങ്ങള്‍ പെരുമാറിയെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.