തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനു മുന്നിൽ സോഷ്യൽ മീഡിയ പലതവണ കുഴങ്ങിയിട്ടുണ്ട്. തന്നെ തുടർച്ചയായി വേട്ടയാടിയ റിപ്പബ്ലിക് ടി.വി മേധാവി അർണാബ് ഗോസ്വാമിക്കു മറുപടിയായി തരൂർ ചെയ്ത് ട്വീറ്റോടെയാണ് സാമാന്യ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർ പോലും Exasperate, Farrago, masquerade തുടങ്ങിയ പദങ്ങളെ പരിചയപ്പെടുന്നത്. പിന്നീട് hippopotomonstrosesquipedaliophobia, Floccinaucinihilipilification തുടങ്ങിയ വാക്കുകളും തരൂർ സമൂഹ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി.
ഇത്തവണ അപരിചിതമായ വാക്കുകളല്ല, തരൂർ നടത്തിയ Loss of innocence എന്ന പ്രയോഗമാണ് പലരെയും കുഴിയിൽ ചാടിച്ചത്. ഉത്തർപ്രദേശിലെ ഉന്നാവിൽ എം.എൽ.എയുടെ ബലാത്സംഗത്തിനിരയാവുകയും മാതാപിതാക്കളെ നഷ്ടമാവുകയും ദുരൂഹമായ റോഡപകടത്തിൽ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്ത പെൺകുട്ടിയെ കുറിച്ച് തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്തു.