India National

നിബന്ധനകള്‍ മുന്നോട്ടു വെച്ച് ശാഹീന്‍ ബാഗ്; ചര്‍ച്ച പുരോഗമിക്കുന്നു

ശാഹീൻ ബാഗിലൂടെയുള്ള ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനാനുള്ള ചർച്ചകളാണ് മധ്യസ്ഥ സമിതി നടത്തുന്നത്.

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയിലെ അംഗമായ സാധന രാമചന്ദ്രൻ ശാഹീന്‍ബാഗിലെ സമരക്കാരുമായി ഇന്നും ചർച്ച നടത്തി. സമരക്കാർക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്ന് രേഖമൂലം ഉറപ്പ് തന്നാൽ റോഡിന്റെ ഒരു ഭാഗം തുറന്ന് നൽകാൻ തയ്യാറാണെന്ന് സമരക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി അംഗങ്ങളായ സഞ്ജീവ് ഹെഗ്ഡെയും സാധന രാമചന്ദ്രനും ഇന്ന് ചർച്ചകൾക്കായി എത്തില്ലെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി സാധന രാമചന്ദ്രൻ ഇന്ന് സമര പന്തലിൽ എത്തുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന വനിതകളുമായി അവർ സംസാരിച്ചു.

ശാഹീൻ ബാഗിലൂടെയുള്ള ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനാനുള്ള ചർച്ചകളാണ് മധ്യസ്ഥ സമിതി നടത്തുന്നത്. എന്നാൽ നാല് വരി പാതയുടെ ഒരു ഭാഗം തുറന്ന് നൽകാമെന്നും സുരക്ഷ ഒരുക്കുമെന്ന ഉറപ്പ് രേഖമൂലം നൽകണമെന്നുമാണ് സമരക്കാരുടെ നിലപാട്.

ഇതോടൊപ്പം സമരക്കാർക്ക് നേരെയുള്ള കേസുകൾ പിൻവലിക്കുക, സി.എ.എ വിരുദ്ധ സമരങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമം അന്വേഷിച്ചു നടപടി എടുക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനു മുൻപ് പ്രശ്ന പരിഹരമുണ്ടക്കാനുള്ള ശ്രമത്തിലാണ് മധ്യസ്‌ഥ സംഘം.