പൌരത്വ പ്രക്ഷോഭത്തിൽ മാത്രമല്ല, ഡല്‍ഹി തെരഞ്ഞെടുപ്പിലും ചൂടേറിയ ചര്‍ച്ച വിഷയമായി മാറുകയാണ് ഷാഹിന്‍ ബാഗ്. ഷാഹിന്‍ ബാഗ് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാത്തത് സംബന്ധിച്ചാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പോരായ്മയാണിതെന്ന് അരവിന്ദ് കെജ്രിവാളും സംസ്ഥാന സര്‍ക്കാറിന്‍റെ വീഴ്ചയാണെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.
ഷാഹിന്‍ ബാഗ് ഡൽഹി തെരഞ്ഞെടുപ്പില്‍ ചൂടേറിയ പ്രചരണ വിഷയമാവുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാത്തത് കെജ്രിവാൾ സര്‍ക്കാറിന്‍റ വീഴ്ചയാണെന്ന ആരോപണവുമായി ആദ്യമെത്തിയത് ബിജെപി. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും ആരോപണവുമായി രംഗത്തെത്തി.
എന്നാല്‍ ഉരുളക്കുപ്പേരി കണക്കെ മറുപടിയായി കെജ്രിവാളും രംഗത്തെത്തി. ഡൽഹിയിലെ ക്രമസമാധാനച്ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ ചീഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി. ഫെബ്രുവരി എട്ടിന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമേ കേന്ദ്രം ചുമതല നിറവേറ്റൂ. അതുവരെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ഷാഹിന്‍ ബാഗിനെ ഉപയോഗപ്പെടുത്തുമെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.