കുഞ്ഞിനെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു
ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഈ കുഞ്ഞിനെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു.
‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- എന്നാണ് ഷാരൂഖിന്റെ ട്വീറ്റ്.
Thank you all for getting us in touch with the little one. We all pray he finds strength to deal with the most unfortunate loss of a parent. I know how it feels…Our love and support is with you baby. https://t.co/2Z8aHXzRjb
— Shah Rukh Khan (@iamsrk) June 1, 2020
മീര്‍ ഫൗണ്ടേഷനും കുഞ്ഞിനെ ഏറ്റെടുത്തത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു- ‘ഈ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ അവനെ സഹായിക്കും. മുത്തച്ഛന്റെ കൂടെയാണ് കുഞ്ഞ് ഇപ്പോള്‍’. കുഞ്ഞും സഹോദരനും മുത്തച്ഛനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രമടക്കമാണ് ട്വീറ്റ്.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ അനുഭവിച്ച നരക യാതനയുടെ നേര്‍സാക്ഷ്യമായിരുന്നു മുസഫര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള ആ ദൃശ്യം. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന മാതാവിനരികെ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമ്മ മരിച്ചതറിയാതെ പുതപ്പ് മാറ്റിയും ഓടിയും കളിക്കുകയായിരുന്നു കുഞ്ഞ്. നാല് ദിവസം നീണ്ട യാത്രക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടന്ന് മരിക്കുകയായിരുന്നു ആ അമ്മ.