ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി വിലയിരുത്തി. ഉത്തർപ്രദേശിൽ ഗംഗയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സഹായം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയേയും സൈന്യത്തെയുമാണ് വിനിയോഗിച്ചിട്ടുള്ളത്. യോഗത്തിൽ രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ഉത്തർപ്രദേശിലെ പ്രയാഗ രാജിൽ ഇരുന്നൂറോളം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതിനോടകം മാറ്റിയത്. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പല ദുരിതാശ്വാസ ക്യാമ്പുകളിലും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലന്ന വിമർശനം ഉയരുന്നുണ്ട്. ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. ഗുജറാത്തിലും കനത്ത മഴ പെയ്യുന്നുണ്ട്.