India National

കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഏഴാംവട്ട ചർച്ചയും പരാജയം

കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സമരത്തിനിടയിൽ മരണപ്പെട്ട കർഷകർക്ക്‌ വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ചർച്ച തുടങ്ങിയത്.

കർഷക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ. ഇത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തതിനെ തുടർന്നാണ് ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടത്.

വെള്ളിയാഴ്ചയാണ് അടുത്ത ചർച്ച നടക്കുക. അടുത്ത ചർച്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, നിയമം പിൻവലിക്കുക എന്നല്ലാതെ മറ്റൊരു പരിഹാരവും ഞങ്ങൾക്ക് ഈ വിഷയത്തിൽ ഇല്ലായെന്ന് ഓൾ ഇന്ത്യ കിസാൻ സഭ അദ്ധ്യക്ഷൻ ഹന്നാൻ മൊല്ലാഹ് പറഞ്ഞു. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നത് വരെ ഞങ്ങൾ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു