India National

നാളെ അവസാനഘട്ട വോട്ടെടുപ്പ്; ഇന്ന് നിശ്ശബ്ദ പ്രചരണം

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ ആണ് അവസാന ഘട്ടത്തില്‍ വിധി എഴുതുക. നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.

ബീഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്,മധ്യപ്രദേശ്,പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍, ഒപ്പം കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡുമാണ് നാളെ വിധി എഴുതുക.നിശബ്ദ പ്രചാരണത്തിന്റെ സമയമായ ഇന്ന് വാര്‍ത്ത സാമ്മേളനങ്ങള്‍ അടക്കമുള്ളവക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാനഘട്ടത്തിലും കണ്ടത് വാശിയേറിയ പ്രചാരണമാണ്. പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപടെലിനും പരസ്യപ്രചാരണ സമയം വെട്ടിക്കുറക്കുന്നതിനും കാരണമായി. സംസ്ഥാനത്ത് 9 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. അക്രമത്തിനിടെ കൊല്‍ക്കത്തയില്‍ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് ബംഗാളില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതിമ തകര്‍ത്തത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. 13 സീറ്റുള്ള പഞ്ചാബില്‍‌ സംസ്ഥാന ഭരണത്തിന്റെ ആനൂകൂല്യം കൂടിയാകുമ്പോള്‍ കടുത്ത പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഉത്തര്‍പ്രദേശി വാരണാസിയിലും നാളെയാണ് വോട്ടെടുപ്പ്.