India National

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിനെ വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് തിരിച്ചടി. ഫട്നാവിസിന്‍റെ വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചെന്ന പരാതിയിലാണ് നടപടി.

മഹാരാഷ്ട്രയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കവെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഫട്‌നാവിസ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 125 എ വകുപ്പു പ്രകാരം നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന കേസ് വിവരങ്ങള്‍ മറച്ചുവെച്ചതിന് ഫട്നാവിസ് വിചാരണ നേരിടണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സതീഷ് ഉക്കെ നല്‍കിയ ഹരജയിലാണ് വിധി. കേസ് ബോംബെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

വിവരം മറച്ചുവെച്ച കുറ്റം മാത്രമാണ് സുപ്രീംകോടതി അംഗീകരിച്ചത്. ഫട്‌നാവിസിന്റെ തെരഞ്ഞെടുപ്പ് പുനപരിശോധിക്കാനോ അയോഗ്യനാക്കാനോ സുപ്രീം കോടതി തയ്യാറായില്ല. വിവരം മറച്ചുവെച്ച കുറ്റം തെളിയുകയാണെങ്കില്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയോ പിഴയോ അതല്ലെങ്കില്‍ രണ്ടുമോ ആണ് ഫട്‌നാവിസിനെ കാത്തിരിക്കുന്നത്.

ആസന്നമായ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ മികച്ച ആയുധമാണ് ഇതോടെ പ്രതിപക്ഷത്തിന് വീണുകിട്ടിയത്. എതിര്‍പക്ഷത്തുള്ള നേതാക്കളെ സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ച് വേട്ടയാടുകയാണ് ബി.ജെ.പിയെന്ന് പരാതിയുള്ള എന്‍.സി.പി അടക്കമുള്ള സംഘടനകള്‍ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആക്കിയേക്കും.

ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവുമധികം കേസുകള്‍ നിലവിലുള്ളത് ഫട്‌നാവിസിനെതിരെയാണ്. കൊലക്കേസിലടക്കം വിചാരണ നേരിടുന്ന ആദിത്യനാഥാണ് ഈ പട്ടികയിലെ രണ്ടാമത്തെ ബി.ജെ.പി മുഖ്യമന്ത്രി.