സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി വരവിൽ റെക്കോർഡ് വർധന. 1.17 ലക്ഷം കോടിയാണ് സെപ്റ്റംബറിലെ ജിഎസ്ടി വരുമാനം. ഓഗസ്റ്റ് മാസത്തേക്കാൾ ഇത് 4.5 ശതമാനത്തിന്റെ വർധനവാണ്. ജി.എസ്.ടി ഒരു ലക്ഷം കൊടി കടന്ന സാഹചര്യം രാജ്യത്തെ സമ്പത്ത് ഘടന തിരിച്ച് വരുന്നതിന്റെ തെളിവാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ( September GST returns )
തുടർച്ചയായ മൂന്നാം മാസവും രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തിൽ വർധന. സെപറ്റമ്പർ 30 ന് അവസാനിച്ച മാസത്തിൽ ജി.എസ്.ടി വരവ് 1.17 ലക്ഷം കോടിയായി. ഇതിൽ കേന്ദ്ര ജിഎസ്ടി 20,578 കോടിയും സംസ്ഥാന ജിഎസ്ടി 26,767 കോടിയും സംയോജിത ജിഎസ്ടി 60911 കോടിയും സെസ് 8754 കോടിയുമാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയുടെ സമ്പദ്ഘടന ശക്തിപ്രാപിക്കുന്നതിന്റെ തെളിവായി ഇതിനെ കാണാമെന്ന് കേന്ദ്രധനമന്ത്രി വ്യക്തമക്കി.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ അധികമായിരുന്നു. ജൂലൈയിൽ വരുമാനം 1.16 ലക്ഷം കോടി ആയപ്പോൾ ഓഗസ്റ്റിൽ അത് 1.12 ലക്ഷം കോടിയായി മാറി. 2020 സെപ്റ്റംബറിലെ വരുമാനവുമായി ഇപ്പോഴത്തെ കണക്കുകളെ താരതമ്യം ചെയ്യുമ്പോൾ വരവ് 23 ശതമാനം കൂടുതലാണ്. ജൂണിൽ വരുമാനം പക്ഷേ ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് പുറമെ, നികുതിവെട്ടിപ്പ് തടയുന്നതിന് കൈക്കൊണ്ട ശക്തമായ നടപടികൾ, വ്യാജബില്ലുകൾ സൃഷ്ടിക്കുന്നവർക്കെതിരായ നടപടി എന്നിവ ജിഎസ്ടി വരുമാനവർധനയെ സഹായിച്ചുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമായി. ത്രൈമാസ സാമ്പത്തിക പാദ വളർച്ച അഞ്ച് ശതമാനം അധികമാണ്.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ ശരശരി മാസവരുമാനം 1.10 ലക്ഷം കോടിയായിരുന്നു. ഇത് രണ്ടാം സാമ്പത്തികപാദത്തിൽ ശരാശരി മാസവരുമാനം 1.15 ലക്ഷം കോടിയായി മാറി. അഞ്ച് ശതമാനം വളർച്ചയാണ് ഈ ഇനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതും ഇന്ത്യയുടെ സാമ്പത്തിക തിരിച്ചുവരവിന്റെ ലക്ഷ്ണമായാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.