India National

ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും;

ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാനാണ് ഗവര്‍ണര്‍ സന്ദര്‍ശനാനുമതി നല്‍കിയതെങ്കിലും അനൗദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചക്കു വരുമെന്നാണ് സൂചന.

എന്‍.ഡി.എയിലേക്കുള്ള ശിവസേനയുടെ മടക്കം ഏതാണ്ട് അടഞ്ഞ അധ്യായമായി കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും തികഞ്ഞ സൂക്ഷ്മതയോടെയാണ് മുന്നോട്ടു പോകുന്നത്. പൊതുമിനിമം പരിപാടിയുടെ വിശദാംശങ്ങളും മന്ത്രിസഭാ രൂപീകരണവും ചര്‍ച്ച ചെയ്യുന്നതിന് ശരദ് പവാര്‍ നാളെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ഉദ്ധവ് താക്കറെ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. ശിവസേന സ്ഥാനപകനായ ബാല്‍താക്കറെയുടെ ചരമദിനം കൂടിയാണ് ഞായറാഴ്ച. ഈ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ശിവസേന ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ അതിനുള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രി പദവിയുടെ കാര്യത്തിലുള്‍പ്പടെ ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ ഇതുവരെ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നും ദൃശ്യമല്ലെങ്കിലും സ്വര്‍ക്കര്‍ക്ക് ഭാരത രത്‌നം കൊടുക്കണമെന്ന ശിവസേനയുടെ നിലപാടും മുസ്‌ലിംകള്‍ക്ക് അഞ്ചു ശതമാനം സംവരണം നല്‍കണമെന്ന കോണ്‍ഗ്രസ് – എന്‍.സി.പി മുന്നണി വാഗ്ദാനവും പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്താനാവുമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മറ്റു കാര്യങ്ങളില്‍ മൂന്ന് പാര്‍ട്ടികളും ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പിയില്‍ പരിഭ്രാന്തി ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. സ്വതന്ത്രര്‍ ഉള്‍പ്പടെ പാര്‍ട്ടിയോടൊപ്പം 119 അംഗങ്ങളുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി പുതിയ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരിക്കല്‍ ഗവര്‍ണറുടെ ക്ഷണം നിരസിച്ച ബി.ജെ.പിയെ വീണ്ടും ക്ഷണിക്കുമോ അതോ നാളത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം അനൗപചാരികമായി ബി.ജെ.പി വിരുദ്ധ മുന്നണിക്ക് കൈമാറുമോ എന്നാണ് ഇനി അറിയാനുള്ളത്.