മഹാരാഷ്ട്രയില്‍ ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി. ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളില്‍ വീതം മത്സരിക്കാനും ധാരണയായി. ശിവസേനയും ബി.ജെ.പിയും ഒരേ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളെന്ന് അമിത് ഷാ.
കഴിഞ്ഞ മൂന്ന് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ ലോകസഭ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് സഖ്യവിവരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റില്‍ ബി.ജെ.പി 26 സീറ്റുകളിലും ശിവസേന 22സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. 80 എം.പിമാരുള്ള യു.പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എം.പിമാരെ തെരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയും ശിവസേനയും തമ്മില്‍ തെറ്റുന്നത്. ഇതോടെ സഖ്യമില്ലാതെയാണ് ആ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും മത്സരിച്ചത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 123 സീറ്റുകള്‍ ബി.ജെ.പിയും 63 സീറ്റുകള്‍ ശിവസേനയും നേടി. തെരഞ്ഞെടുപ്പിന് ശേഷം രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു.
‘പിന്തുണ വേണമെങ്കില്‍ മുഖ്യമന്ത്രി പദം നല്‍കണം’ ബി.ജെ.പിയോട് ശിവസേന
ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്ന് കഴിഞ്ഞവര്‍ഷം ശിവസേന പരസ്യമായി പ്രഖ്യാപിക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചാല്‍ പ്രതിപക്ഷത്തെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിനാകും ഗുണം ചെയ്യുകയെന്ന തിരിച്ചറിവില്‍ നിന്നാണ് ശിവസേനയുടെ മനം മാറ്റമെന്നാണ് സൂചന. അതേസമയം ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഇപ്പോഴും ബി.ജെ.പി വിരുദ്ധ പാളയത്തിലാണ്.