അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷം രാജ്യത്ത് ഇന്ന് ആദ്യത്തെ ബാബരി മസ്ജിദ് ദിനം. ഉടമസ്ഥാവകാശ കേസില്‍ ജയിച്ച ഹിന്ദുത്വ സംഘടനകള്‍ ഡിസംബര്‍ 6ന് വിജയാഹ്ളാദ ദിവസമായി ആചരിക്കുമ്പോള്‍ കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്‌ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വ്യത്യസ്ത സംഘടനകള്‍ മണ്ഡി ഹൗസിലേക്ക് മാര്‍ച്ച് നടത്തും.
മുനയൊടിഞ്ഞ രാമക്ഷേത്രവാദവുമായാണ് ഇത്തവണ ഹിന്ദുത്വ സംഘടനകളുടെ വിജയാഹ്‌ളാദം. സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിച്ചിട്ടും രണ്ടാംഘട്ടത്തിലേക്ക് കടന്ന ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിക്ക് രാമക്ഷേത്രം പ്രചാരണ വിഷയമാക്കിയെടുക്കാനായിട്ടില്ല. ഏതെങ്കിലും ക്ഷേത്രമോ കെട്ടിടമോ തകര്‍ത്തതിനു ശേഷമല്ല ബാബരി മസ്ജിദ് നിര്‍മ്മിച്ചതെന്ന് അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയതിനു ശേഷമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത്. മസ്ജിദ് തകര്‍ത്ത കേസില്‍ ദൈനംദിനാടിസ്ഥാനത്തില്‍ വിചാരണ നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ കാര്യത്തിലുള്ള തിടുക്കം സര്‍ക്കാര്‍ ഈ കേസില്‍ കാണിച്ചിട്ടില്ല.
വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണമെന്നും ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്ന് ദല്‍ഹിയില്‍ പ്രകടനം നടത്തും. ലോക്‌രാജ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഉച്ചക്ക് 2 മണിക്ക് മണ്‍ഡി ഹൗസില്‍ നിന്നും ജന്തര്‍ മന്ദറിലേക്കാണ് മാര്‍ച്ച് നടക്കുക.