രണ്ടാം ഘട്ട ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല്‍ മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ മണ്ഡലമാണ് പ്രധാനം. ബി.ജെ.പി സ്ഥാനാർത്ഥി സതീഷ് കുമാറാണ് എതിരാളി. തേജസ്വിയുടെ സഹോദർ തേജ് പ്രതാപ് യാദവ് ഹസന്പൂർ മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.
രണ്ട് തവണ സിറ്റിങ് എം.എല്‍.എ ആയ ജെ.ഡി.യു നേതാവ് രാജ്കുമാർ റാണക്കെതിരായാണ് മത്സരം. ബാംകിപൂരിൽ ശത്രുഘ്നൻ സിന്‍ഹയുടെ മകൻ ലവ് സിൻഹ, ബിജെപി നേതാവ് നിതിൻ നബിനെതിരായി മത്സരിക്കുന്നുണ്ട്. ബെഗുസാരായിൽ കോണ്‍ഗ്രസ് നേതാവ് അമിതാ ഭൂഷണും ബി.ജെ.പി നേതാവ് കുന്ദൻ സിംഗും തമ്മിലാണ് മത്സരം.
മുസ്ലിം വോട്ടുകള്‍ ഏറെയുള്ള സീമാഞ്ചല്‍ മേഖല പരമ്പരാഗതമായി മഹാസഖ്യത്തിനൊപ്പമാണെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ AIMIMന്റെ കടന്നുവരവ് മഹാസഖ്യത്തിന് കഷീണമുണ്ടാക്കിടയുണ്ട് . ആർജെഡി 56, ബിജെപി 46 ജെഡിയു 43, കോണ്ർഗ്രസ് 28, ഇടത് പാർട്ടികള്‍ 14, VIP 5, AIMIM 3 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. 11 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്കുള്ള നടക്കുന്ന ഉപതിരഞ്ഞെടുപ്പും നാളെയാണ്.