ഹിറ്റ് ഇന്ത്യന്‍ വെബ് സിരീസായ സ്കാമിന് രണ്ടാം ഭാഗം വരുന്നു. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിയുടെ കഥ പറഞ്ഞ ‘സ്കാം 1992: ദ ഹര്‍ഷദ് മേത്ത സ്റ്റോറി’ക്ക് ശേഷം, ‘സ്കാം 2003’ ആയാണ് സോണി ലൈവ് വീണ്ടും വരുന്നത്. ചിത്രത്തിന് ആശംസയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി.
കുപ്രസിദ്ധമായ 2003ലെ സ്റ്റാംപ് പേപ്പര്‍ അഴിമതിയുടെ കഥയുമായാണ് സീരീസ് എത്തുന്നത്. ‘സ്കാം 2003: ദി ക്യൂരിയസ് കേസ് ഓഫ് അബ്ദുല്‍ കരീം തെല്‍ഗി’ എന്ന പേരിലാണ് സീരീസ് പുറത്തിറങ്ങുന്നതെന്ന് സോണി അറിയിച്ചു. സഞ്ജയ് സിങിന്റെ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ‘റിപ്പോര്‍ട്ടര്‍ കീ ഡയറി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
2001ലാണ് കുപ്രസിദ്ധമായ സ്റ്റാംപ് പേപ്പര്‍ അഴിമതി പുറത്ത് വരുന്നത്. രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ അബ്ദുല്‍ കരിം തെല്‍ഗി ഉള്‍പ്പടെയുള്ളവര്‍ അകത്തായെങ്കിലും, 2018ല്‍ അദ്ദേഹത്തിന്റെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷം, തെല്ഗിയെയും കൂടെയുള്ള മറ്റു ആറ് പേരെയും തെളിവില്ലാത്തതിന്റെ പേരില്‍ മഹാരാഷ്ട്ര കോടതി കുറ്റമുക്തരാക്കി.
അബ്ദുല്‍ കരിം തെല്‍ഗിയുടെ കഥ
കര്‍ണാടകയിലെ ഖാനാപൂരിലാണ് അബ്ദുല്‍ കരീം തെല്‍ഗി ജനിച്ചത്. തെല്‍ഗിയുടെ ചെറുപ്പത്തില്‍ തന്നെ റെയില്‍വേ ജീവനക്കാരായ പിതാവ് മരിച്ചു. തുടര്‍ന്ന് ട്രെയിനില്‍ പഴങ്ങളും പച്ചക്കറികളും വിറ്റാണ് കുടുംബം കഴിഞ്ഞത്.
ബി.കോം പഠനത്തിന് ശേഷം ജോലി തേടി തെല്‍ഗി പിന്നീട് മുംബൈയില്‍ എത്തുകയായി. അല്പകാലം മുംബൈയില്‍ ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ച തെല്‍ഗി തുടര്‍ന്ന് സൗദി അറേബ്യയില്‍ എത്തിപ്പെടുകയായിരുന്നു.
സൗദിയില്‍ നിന്നും തിരികെ മുംബൈയില്‍ എത്തിയതോടെയാണ് തെല്‍ഗി വ്യാജ മുദ്രപത്രങ്ങളുടെ ബിസിനസ് ആരംഭിക്കുന്നത്. ചുരങ്ങിയ കാലം കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച തെല്‍ഗി തന്റെ ബന്ധങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു.
അന്ന് രാജ്യത്തെയാകെ ഞെട്ടിച്ച സ്റ്റാംപ് പേപ്പര്‍ സ്കാമില്‍ ഏകദേശം ഇരുപതിനായിരത്തോളം കോടി രൂപയുടെ അഴിമതി നടന്നതായാണ് കണക്കാക്കപ്പെടുന്നത്. മൂവായിരം മുതല്‍ മുപ്പതിനായിരം കോടി രൂപയുടെ വെട്ടിപ്പ് നടന്നതായുള്ള മറ്റ് കണക്കുകളും പുറത്ത് വന്നിരുന്നു.
തെല്‍ഗിക്കും കൂട്ടാളികള്‍ക്കും മുപ്പത് വര്‍ഷം തടവും 202 കോടിയുടെ പിഴയുമായിരുന്നു അന്ന് ശിക്ഷ വിധിച്ചത്. 2017ല്‍ 56ാം വയസില്‍ അസുഖബാധിതായ തെല്‍ഗി ബംഗളൂരു ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്.