ചൈന അതിര്‍ത്തിപ്രദേശത്ത് കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുകയാണെന്ന് വ്യോമസേന അറിയിച്ചു. അതേസമയം എഎന്‍ 32വില്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിട്ടുണ്ട്. വിമാനം അപകടത്തില്‍പെട്ടാല്‍ സിഗ്നല്‍ ലഭിക്കുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നാണ് ആക്ഷേപം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി.
കാലാവസ്ഥയാണ് തെരച്ചിലില്‍ പ്രതികൂലമായ ഏറ്റവും വലിയ ഘടകം. എന്നാല്‍ അത് കണക്കാക്കാതെ തെരച്ചില്‍ തുടരാനാണ് വ്യോമസേനയും തീരുമാനം. കര-നാവിക-വ്യോമ സേനാ വിഭാഗങ്ങള്‍ സംയുക്തമായി വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. അതേസമയം വ്യോമസേന വിമാനത്തിനായുള്ള തെരച്ചിലിന് തിരിച്ചടിയാകുന്ന മറ്റൊരു ഘടകം അപകടത്തില്‍പ്പെടുമ്പോള്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ വിമാനത്തില്‍ നിന്ന് ലഭിക്കുന്നില്ല എന്നതാണ്. എന്നാല്‍ അപകടത്തില്‍പെട്ട എഎന്‍ 32 വിമാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം സിഗ്നലുകള്‍ 14 വര്‍ഷം മുന്‍പ് കമ്പനി നിര്‍മ്മാണം നിര്‍ത്തിയവയാണ് എന്നതാണ് ഉയരുന്ന ആക്ഷേപം. നിര്‍മ്മാണം നടത്തുന്ന സിഗ്നേച്ചര്‍ ഇന്‍ഡസ്ട്രീയല്‍ കമ്പനി 2005ലാണ് ഇവ നിര്‍മ്മിക്കുന്നത് അവസാനിപ്പിച്ചത്. സിഗ്നല്‍ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് 2009ഓടെ മുന്‍പോട്ട് ഉപയോഗിക്കാന്‍ കഴിയാതാകുമെന്നും കമ്പനി അറിയിച്ചിരുന്നു.
2009 ല്‍ യുക്രൈനുമായി കരാറുണ്ടാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ പല എഎന്‍ 32 വിമാനങ്ങളും പരിഷ്കരിച്ചുവെങ്കിലും ഇപ്പോള്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ അവ മാറ്റിയിരുന്നില്ല. ഇതാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശത്തിന്‍റ അടിസ്ഥാനം. ഇത്രയും മോശം കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ എന്തിനാണ് മറ്റ് വിമാനങ്ങള്‍ ഉണ്ടായിരുന്നിട്ടും എഎന്‍ 32 ഉപയോഗിക്കുന്നത് എന്നതിന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതേ ഗണത്തില്‍പെട്ട വിമാനം മൂന്ന് വര്‍ഷം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ കാണാതായിരുന്നു. അന്ന് 29 പേരായായിരുന്നു വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്നത്.