India National

രാജ്യത്തെ സ്കൂളുകളും കോളേജുകളും ഇന്ന് മുതല്‍ ഭാഗികമായി തുറക്കും

ഒമ്പത് മുതൽ 12വരെയുള്ള ക്ലാസുകൾക്കും കോളേജുകള്‍ക്കുമാണ് പ്രവര്‍ത്തനാനുമതി. ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്.

സ്കൂളുകൾക്ക് പ്രവര്‍ത്തിച്ചുതുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്.

ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതൽ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളിൽ വരാം. ഓൺലൈൻ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകൾ ഉപയോഗിക്കാൻ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരിൽ നിന്ന് മാര്‍ഗനിര്‍ദേശങ്ങൾ ചോദിച്ചറിയാൻ വിദ്യാര്‍ഥികൾക്കും സാധിക്കും. പക്ഷേ അമ്പത് ശതമാനം പേര്‍ക്ക് മാത്രമേ ഒരു ദിവസം സ്കൂളിൽ വരാൻ അനുമതിയുണ്ടാകൂ.

ഗവേഷക വിദ്യാര്‍ഥികൾ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികൾ, ലബോറട്ടറി സംവിധാനം ആവശ്യമുള്ള പ്രൊഫഷണൽ വിദ്യാര്‍ഥികൾ, ഐടിഐ, മറ്റ് സ്കിൽ വികസന കോഴ്സുകൾ പഠിക്കുന്ന വിദ്യാര്‍ഥികൾ എന്നിവര്‍ക്കായി കോളജുകൾ തുറക്കാനുള്ള അനുമതിയും ഇന്ന് മുതൽ പ്രാബല്യത്തിലാകും.

അതേസമയം, ഇക്കാര്യങ്ങളിൽ സംസ്ഥാനങ്ങളാണ് അന്തിമ തീരുമാനം എടുക്കുക. ഇവിടങ്ങളിൽ പാലിക്കേണ്ടുന്ന ആരോഗ്യ പ്രോട്ടോക്കോളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കലാലയങ്ങൾ തുറക്കാനാകില്ല. നിലവിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും മാത്രമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിൽ വരണമെന്ന് നിര്‍ബന്ധമില്ല.