ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐക്ക് മുന്നിൽ ഹാജരാകാൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് സുപ്രീംകോടതി നിർദ്ദേശം. എന്നാൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിൽ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസയച്ചു.
ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ സാക്ഷിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി എത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞതോടെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. പൊലീസ് നടപടി നിയമവാഴ്ചയെ വെല്ലുവിളിച്ച് കൊണ്ടുള്ളതാണെന്നും അതിന് ഉത്തരവിട്ടവർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നും സി.ബി.ഐക്കായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചു.
കോടതി ഉത്തരവ് ജനങ്ങളുടേയും ഭരണഘടനയുടേയും വിജയമെന്ന് മമത
ചിട്ടി ഫണ്ട് കേസിൽ പശ്ചിമബംഗാൾ പൊലീസ് പ്രത്യേക സംഘം തെളിവ് നശിപ്പിച്ചെന്നും പ്രതികളുടെ ഫോൺ സംഭാഷണ രേഖ, ലാപ്ടോപ്പ് തുടങ്ങിയവ ഫോറൻസിക് പരിശോധനക്കയച്ചില്ലെന്നും തെളിവുകൾ പൂർണമായും സി.ബി.ഐക്ക് കൈമാറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിനെ അപമാനിക്കാൻ വച്ച് കെട്ടി ചമച്ച ആരോപണങ്ങളാണിതെന്ന് ബംഗാൾ സർക്കാരിനായി അഭിഭാഷൻ മനു അഭിഷേക് സിംഗ് വി വാദിച്ചു. തുടർന്നാണ് സി.ബി.ഐയുമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് കോടതി നിർദ്ദേശം നൽകിയത്.
ചോദ്യം ചെയ്യൽ മേഘാലയയിലെ ഷില്ലോങ്ങിലെ സി.ബി.ഐ ഓഫീസിലായിരിക്കും. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനോ, പ്രതികൂല നടപടികൾ സ്വീകരിക്കാനോ പാടില്ലെന്നും കോടതി പറഞ്ഞു. സി.ബി.ഐയുടെ കോടതി അലക്ഷ്യ ആവശ്യത്തിൽ ബംഗാൾ ചീഫ് സെക്രട്ടറി, ഡി.ജി.പി, കൊൽക്കത്ത പൊലീസ് കമ്മീഷണർ എന്നിവർക്ക് സുപ്രീംകോടതി നോട്ടീസയച്ചു.