വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേസുകൾ തീര്‍പ്പാക്കുന്നത് വേഗത്തിലാക്കാന്‍ പുതിയ വ്യവസ്ഥകളുമായി സുപ്രീം കോടതി. ഹൈകോടതി വധശിക്ഷ ശരിവെച്ച കേസുകളില്‍ അപ്പീൽ ഹരജികള്‍ തീര്‍പ്പാക്കുന്നതിന് കോടതി സമയക്രമം നിശ്ചയിച്ചു. നിര്‍ഭയ കേസിലടക്കം പ്രതികള്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതിയുടെ പുതിയ ഇടപെടല്‍.
ആറ് മാസത്തിനകം അപ്പീൽ ഹരജി പരിഗണിക്കും. തുടര്‍ന്ന് രണ്ട് മാസത്തിനകമോ കോടതി നിശ്ചയിക്കുന്ന സമയത്തിനകത്തോ കേസിന്റെ വിശദാംശങ്ങള്‍ കീഴ്ക്കോടതി സുപ്രീം കോടതിക്ക് കൈമാറണം. കക്ഷികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ പിന്നീട് ഒരു മാസം കൂടി ലഭിക്കും. രേഖകള്‍ നല്‍കിയില്ലെങ്കില്‍ ചേംബറില്‍ പരിഗണിച്ച് ഹരജി തീര്‍പ്പാക്കും.
മൂന്നംഗ ബഞ്ചാകും അപ്പീൽ ഹരജി പരിഗണിക്കുക. വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേസുകളില്‍ നടപടികള്‍ വൈകിപ്പിക്കുന്നുവെന്ന പരാതി നിലനില്‍ക്കെയാണ് സുപ്രീം കോടതി പുതിയ വ്യവസ്ഥകളുമായി രംഗത്തെത്തിയിരിക്കുന്നത്. നിര്‍ഭയ കേസില്‍ പ്രതികള്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പാട്യാല ഹൌസ് കോടിക്ക് മുന്പില് പ്രതിഷേധം നടന്നിരുന്നു. നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാത്തതാണ് ഇതിനിടയാക്കുന്നതെന്ന് നിര്‍ഭയയുടെ മാതാവും ആരോപിച്ചിരുന്നു.