India

പുതിയ ഐ.ടി ചട്ടം; ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാർ ആവശ്യം നിരസിച്ച് സുപ്രിംകോടതി

പുതിയ ഐ.ടി ചട്ടങ്ങൾ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹർജികളിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഇപ്പോൾ സ്റ്റേ ഉത്തരവിടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഡൽഹി, ബോംബെ, കേരള ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്. പുതിയ ഐ.ടി ചട്ടങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച മറ്റ് ഹർജികൾക്കൊപ്പം കേന്ദ്രത്തിന്റെ ഹർജിയും പരിഗണിക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു.

ഈമാസം പതിനാറിന് കേസ് വീണ്ടും പരിഗണിക്കും. പുതിയ ഐ.ടി ചട്ടങ്ങൾ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ മാധ്യമങ്ങൾ അടക്കം വിവിധ ഹൈക്കോടതികളെ സമീപിച്ചത്.