ചരിത്രത്തിലിടം പിടിച്ച് ഒന്‍പത് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം. സുപ്രിംകോടതിയുടെ ചരിത്രത്തിലാദ്യമായി ഒരേ ദിവസം ഒന്‍പത് പേര് ജഡ്ജിമാരായി സ്ഥാനമേറ്റു. മൂന്ന് വനിതാ ജഡ്ജിമാര്‍ ഒരേ ദിവസം അധികാരമേല്‍ക്കുന്നതും ചരിത്രം. പുതിയ ജഡ്ജിമാരിലെ മലയാളി സാന്നിധ്യം ജസ്റ്റിസ് സി.ടി. രവികുമാറാണ്.
സാധാരണയായി ചീഫ് ജസ്റ്റിസ് കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താറുള്ളത്. ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സുപ്രിംകോടതിയുടെ പുതിയ കെട്ടിടത്തിലെ വലിയ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഒന്‍പത് പുതിയ ജഡ്ജിമാര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. ജസ്റ്റിസ് അഭയ് ഓക ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ ജസ്റ്റിസുമാരായ വിക്രം നാഥ്, ജെ.കെ. മഹേശ്വരി, ഹിമ കോഹ്ലി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി.വി. നാഗരത്ന അഞ്ചാമതായി ചുമതലയേറ്റു. പുതിയ ജഡ്ജിമാരിലെ മലയാളി സാന്നിധ്യം ജസ്റ്റിസ് സി.ടി. രവികുമാര്‍ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തില്‍. സി.ടി. രവികുമാറിന് 2025 ജനുവരി ആറ് വരെയാണ് സര്‍വീസ് കാലാവധി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ബേലാ ത്രിവേദി, മുതിര്‍ന്ന അഭിഭാഷകന് പി.എസ്. നരസിംഹ എന്നിവരും അധികാരമേറ്റു. ഒന്‍പത് പേര് കൂടി ചുമതലയേറ്റതോടെ സുപ്രിംകോടതി ജഡ്ജിമാരുടെ ആകെ എണ്ണം 33 ആയി. ഒരു ഒഴിവ് മാത്രമാണ് ഇനി നികത്താനുള്ളത്.