ഹൈക്കോടതികളിൽ താത്കാലിക ജഡ്ജിമാരെ നിയമിക്കാൻ സുപ്രിംകോടതിയുടെ അനുമതി. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാരെ, അഡ്ഹോക് ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് നടപടി സ്വീകരിക്കാം. കെട്ടിക്കിടക്കുന്ന കേസുകൾ പരിഗണിക്കാനാണ് ഇടക്കാല സംവിധാനമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 224എ പ്രയോഗിക്കാൻ അനുമതി നൽകുന്നത് രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിലെ അസാധാരണ നടപടിയായി.
രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാരെ, താൽക്കാലിക ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ 224എ അനുച്ഛേദം. രാജ്യത്തെ ജുഡിഷ്യറിയുടെ ചരിത്രത്തിൽ അപൂർവമായി മാത്രമാണ് ഈ അനുച്ഛേദം പ്രയോഗിച്ചിട്ടുള്ളത്. ലോക് പ്രഹാരി സംഘടന നൽകിയ പൊതുതാത്പര്യഹർജി പരിഗണിച്ചുക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അഡ് ഹോക് ജഡ്ജിമാരുടെ നിയമനത്തിന് അനുമതി നൽകിയത്. ഹൈക്കോടതിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ക്രിമിനൽ, സിവിൽ, കോർപറേറ്റ് കേസുകളിൽ താൽക്കാലിക ജഡ്ജിമാർക്ക് തീരുമാനമെടുക്കാം. അഡ്‌ഹോക് ജഡ്ജിമാരുടെ നിയമനം സ്ഥിരനിയമനത്തിന് പകരമല്ല. ഹൈക്കോടതിയിലെ ഭരണനിർവഹണത്തിൽ ഇവർക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതുതാൽപര്യഹർജി നാല് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട പുരോഗതി വ്യക്തമാക്കി കേന്ദ്രസർക്കാർ അന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.