India National

ഏക സിവില്‍ കോഡിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്ന് സുപ്രീംകോടതി

പല തവണ അനുശാസിച്ചിട്ടും ഏക സിവില്‍ കോഡിനുള്ള ചട്ടക്കൂട് കൊണ്ടുവരാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്ന് സുപ്രീംകോടതി. ഗോവ ഏക സിവില്‍ കോഡിന്റെ തിളങ്ങുന്ന മാതൃകയാണെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഗോവയിലെ പോര്‍ച്ചുഗീസ് സിവില്‍ കോഡിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതിയുടെ വിമര്ശം.

ഷാബാനു കേസ്, സര്ല മുദ്ഗല്‍ വേഴ്സസ് ഇന്ത്യന്‍ യൂണിയന്‍ എന്നീ കേസുകള്‍ പരിഗണിച്ചപ്പോള്‍ തന്നെ ഭരണഘടന അനുച്ഛേദം നാല്പത്തിനാല് അനുസരിച്ച് ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്ന് കോടതി വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ല. എന്നാല്‍ ഗോവ രാജ്യത്തെ എല്ലാവര്‍ക്കും മാതൃകയായ സംസ്ഥാനമാണ്. 1867 പോര്‍ച്ചുഗീസ് സിവില്‍ കോഡ് സംസ്ഥാനത്തെ എല്ലാവര്‍ക്കും ബാധകമാണ്. മതപരമായ വേര്‍തിരിവ് ഗോവയിലില്ല.

ഏകസിവില്‍ കോഡിന്റെ തിളങ്ങുന്ന മാതൃകയാണ് ഗോവയെന്നും ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഗോവയില്‍ താമസിക്കുന്നവര്‍ക്ക് ഗോവക്ക് പുറത്ത് സ്വത്തുണ്ടെങ്കില്‍ അനന്തരാവകാശം ഏത് നിയമമനുസരിച്ച് നടപ്പാക്കുമെന്ന് ആരാഞ്ഞും പോര്ച്ചുഗീസ് നിയമം വിദേശ നിയമമാണെന്ന് വാദിച്ചുമുള്ള ഹരജിയിലാണ് കോടതി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. പോര്‍ച്ചുഗീസ് നിയമം ഇന്ത്യന്‍ നിയമമായി മാറിയെന്ന് കോടതി വ്യക്തമാക്കി. അതിനാല് ഗോവയില്‍ താമസിക്കുന്നവരുടെ സ്വത്തുക്കള്‍ ഇന്ത്യയിലെവിടെയാണെങ്കിലും ഗോവയിലെ നിയമമനുസരിച്ചേ നടപ്പാക്കാനാകൂവെന്ന് കോടതി വിധിച്ചു.