India National

കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതിക്ക് ബോധ്യപ്പെട്ടു: രാഹുല്‍

റഫാല്‍ ഇടപാടില്‍ ഒരു അഴിമതിയുമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ റദ്ദാക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് റഫാല്‍ അഴിമതി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോടതി ഉത്തരവ് പ്രതിപക്ഷത്തിന് കരുത്താകും. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് സുപ്രീംകോടതിക്കും ബോധ്യമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

റഫാല്‍ ഇടപാടില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്ന കോടതി ഉത്തരവ് സര്‍ക്കാരിനുള്ള ക്ലീന്‍ ചിറ്റാണെന്നുമായിരുന്നു ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. കോടതിയുത്തരവും സി.എ.ജി റിപ്പോര്‍ട്ടും ഉയര്‍ത്തിക്കാട്ടി ജെ.പി.സി അന്വേഷണം പോലും തള്ളി. എന്നാല്‍ പുന:പരിശോധന ഹര്‍ജികള്‍ വിശദമായി കേള്‍ക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ വാദം പൊളിഞ്ഞു. അഴിമതി നടത്തുക മാത്രമല്ല അത് മറച്ചുവെക്കാന്‍ കോടതിയെയും തെറ്റിദ്ധരിപ്പിച്ചെന്ന പ്രതിപക്ഷ വാദമാണ് ഇതോടെ ബലപ്പെടുന്നത്. റഫാല്‍ വിവാദം തണുത്തപ്പോഴും പാര്‍ലമെന്‍റിലും പൊതുവേദിയിലും അത് ഉയര്‍ത്തിക്കൊണ്ടുവരാനും ചര്‍ച്ചയില്‍ നിലനിര്‍ത്താനും മുന്നിട്ടിറങ്ങിയ രാഹുല്‍ ഗാന്ധിയുടെ വിജയം കൂടിയാണ് ഈ വിധി.

കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം കൂടുതല്‍ ഉച്ചത്തില്‍ മുഴക്കാന്‍ കോടതി ഉത്തരവ് രാഹുലിന് ആത്മവിശ്വാസം പകരും. ബൊഫോഴ്സ്, അഗസ്ത വെസ്റ്റ്‌ലാന്‍ഡ് തുടങ്ങിയ പ്രതിരോധ രംഗത്തെ അഴിമതികള്‍ ഉന്നയിച്ച് രാഹുലിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി കോടതി വിധി. ദേശ സുരക്ഷ മുഖ്യ വിഷയമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന മോദിക്ക് പ്രതിരോധ രംഗത്തെ സുപ്രധാന ഇടപാടായ റഫാലിലെ അഴിമതി ആരോപണം പ്രതിരോധിക്കാന്‍ ഇനി നന്നായി വിയര്‍ക്കേണ്ടി വരും.